ചിഹ്നശാസ്ത്രനിബദ്ധമല്ലാത്ത
കുറേ നിറം വാരിത്തേപ്പുകള്‍.
കുട്ടിത്തമുണര്‍ത്തുന്ന,
കൃത്രിമ റബ്ബറിന്റെ
പ്രകൃതിദത്ത ഗൃഹാതുരഗന്ധം.
എപ്പോള്‍ തകരുമെന്നറിയില്ല.
നേര്‍ത്ത വഴിത്താരകളാണ്.
മുള്ളുണ്ട്,
വക്ക് മൂര്‍ച്ചിച്ച നാവുണ്ട്,
തുളച്ച് കീറാന്‍ തുനിയുന്ന
കൂര്‍ത്ത നോട്ടങ്ങളുണ്ട്.
തട്ടാതെ എത്ര നാള്‍...?
അകത്തുള്ളവന്റെ
കാട്ടായങ്ങള്‍ക്കൊത്ത്
തുള്ളേണ്ട കളിപ്പാവ.
ഹൈഡ്രജനെങ്കില്‍ മേലോട്ട്.
ഓക്സിജനെങ്കില്‍ പക്ഷപാതമില്ല,
വിലക്കപ്പെട്ട തറകളിലും
കാല്‍ വിറയ്ക്കാതെ നിലയുറപ്പിക്കാം.
മൃദുവിരലുകളുടെ
കരവിരുത് മെനഞ്ഞെടുത്ത
വികലാംഗത്വം.
പിതൃത്വമില്ലാത്ത
സയാമീസ് കുഞ്ഞുങ്ങള്‍.
ഉല്‍സവങ്ങളില്‍ നിന്നും ഉല്‍സവങ്ങളിലേക്ക്...
കാറ്റ് നിറച്ചും കളഞ്ഞും,
കഴുത്തഴിച്ചും മുറുക്കിയും,
ക്ഷമയുടെ പാഠങ്ങളൊടുങ്ങാതെ
ഒരു ബലൂണ്‍.
ലൂൺ = ഭ്രാന്തൻ

