നാണിച്ചിണചേരുന്ന
ആണിനും പെണ്ണിനും
നാണം മറയ്ക്കാന്‍,
മതില്‍ക്കെട്ടടയ്ക്കാന്‍,
പരസ്യസുരതം ചെയ്യാനെന്നും
വിധിയ്ക്കപ്പെട്ട
അനാശാസ്യ പ്രവര്‍ത്തകര്‍.
സദാചാരലംഘനത്തിനും,
ധര്‍മ്മസംരക്ഷണത്തിനും;
ദേഹം തുളയ്ക്കുന്ന തണുപ്പിലും,
ആകെ പുഴുങ്ങുന്ന ചൂടിലും,
ഒരു വസ്ത്രാഞ്ചലമില്ലാതെ
സുരക്ഷയുടെ അടപ്പ് തീര്‍ക്കുന്ന
നഗ്നരായ കാവല്‍ഭടന്മാര്‍.
വേനലില്‍ പുളയ്ക്കുന്ന,
വേട്ടാളന്‍ കുഞ്ഞുങ്ങളെ,
സ്നേഹപാത്രത്തില്‍ ഗര്‍ഭം ധരിച്ച,
കോടാലിത്തലയില്‍ മാറുകോര്‍ത്തൊരു
വൃക്ഷമാതൃത്വം.
ഒന്ന് പോടപ്പാ...
അത്,
ഉളിയാല്‍ ചെത്തി നുറുക്കിയ
ചട്ടയില്‍ അടച്ചൊതുക്കിയ
വെറുമൊരു വാതിലല്ലേ...!!!


