ഞായറാഴ്‌ച, ഏപ്രിൽ 10, 2011

അഭിനവഡ്രാക്കുള

രാത്രിയായില്ല
ഇരുളു ഛർദ്ദിച്ച പാതകൾ...

അല്പമപ്പുറം
ഒരു കഴഞ്ച് വെളിച്ചം...
ഒരു കരിന്തിരിയുടെ
അത്താഴരൂപാന്തരം.


അത് വളർന്നു...
ആർത്തി പൂണ്ടൊരഗ്നിനാളമായ്
ഒരു തീവ്രഗോളമായ്
പാഞ്ഞടുത്തെന്നെ വിഴുങ്ങി.

ശാന്തത...
നിശബ്ദത...
രക്തവർണ്ണം പൂണ്ട
നാളങ്ങളൊതുങ്ങി.

ഇപ്പോളെനിക്ക്
വസ്ത്രങ്ങളില്ല
മുഖമില്ല
ശരീരമില്ല...

ഞാനുമൊരു തിരിനാളമായ്..
എണ്ണയൂറ്റിക്കുടിച്ച്
കരിന്തിരിത്തുണിത്തല
കാർന്നുതിന്ന്
ഒറ്റക്കണ്ണും തുറന്ന് വച്ച്
ഹൃദയം പുഴുത്തൊരു
നിശാചരനായ്...
ഇരയെയും കാത്തിരിയ്ക്കുന്നു...

ഇരുളു ഛർദ്ദിച്ച പാതകളിലേക്ക്
അതിവേഗമെത്തുക നീയും...

“എനിക്ക് വിശന്നിട്ട് വയ്യ”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...