വ്യാഴാഴ്‌ച, മാർച്ച് 15, 2012

വാകമരത്തണലില്‍

കല്ലമ്പലങ്ങളിൽ കാറ്റിന്റെ സംഗീതം
ഒരു മഴപ്പാട്ടുപോൽ നേർത്തുതേങ്ങി.
മെയ്യമർന്നാനന്ദ സാഗരം സൃഷ്ടിച്ച
വാടിയിൽ പുഷ്പങ്ങൾ വീണുണങ്ങി.

പ്രണയാർദ്രകൂജനം കിളികൾ പൊഴിച്ചാർത്ത
പൂമരം വേനലിൻ നോവറിഞ്ഞു.
മധുരവാഗ്ഹിമവർഷം കുളിർകോരിയണിയിച്ച
ഉഷസ്സിൽ വിരഹത്തിന്നിരുൾപടർന്നു.

സമവാക്യ സിദ്ധാന്ത സംഹിതകൾ തീർത്ത
വിജ്ഞാനവായ്പ്പിന്നിടിമുഴക്കം.
അന്തരംഗത്തിങ്കൽ ആത്മബോധത്തിന്റെ
കൈത്തിരി തെളിയിച്ച ഗുരുകടാക്ഷം.

വേർപ്പിൻ മഹത്വവും,മിത്രഗുരുത്വവും,
കൂട്ടായ്പ്പണി തീർത്ത കൊട്ടാരങ്ങൾ.
സുകുമാരസൗഹൃദവേളയി ഭാഷണ-
ഭോഷത്വം നാമൊന്നായ് കേട്ടിരുന്നൂ.

ഇന്നീ വഴിത്താര പലതായ് പിരിയവേ,
പഥികരായ് നാമെല്ലാം കൺനിറഞ്ഞോർക്കവേ,
നമ്മെപ്പിരിയുവാനാകില്ലൊരിയ്ക്കലും
നമ്മിലിന്നാർക്കുമെന്നറിയുന്നു നാം.

അത്യന്ത സുന്ദരപാഠ്യകാലങ്ങളേ...
പേരിനായ് മാത്രമീ യാത്രാമൊഴി.
പ്രോജ്ജ്വലസൗഹൃദ പ്രണയകാലങ്ങളേ...
പേരിനായ് മാത്രമീ യാത്രാമൊഴി...
വെറും...
പേരിനായ് മാത്രമീ യാത്രാമൊഴി...

ഞായറാഴ്‌ച, മാർച്ച് 04, 2012

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)












ഓര്‍മ്മകള്‍ വിവസ്ത്രരാണ്.
കാലാവേശങ്ങളില്‍
തൊലി പോലുമുരിഞ്ഞവര്‍.
മറവിയുടെ കമ്മ്യൂണിസം
ചാറായൊഴുകി,അതില്‍
പഴുത്തു ചീഞ്ഞ്
പൊറുത്തുണങ്ങിയവര്‍.

ഇരുള്‍പറ്റിത്തഴമ്പിച്ച്,
കനം വച്ച പുറംതോല്‍.
ധൂസരാലിംഗനങ്ങളില്‍,
ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍.

പൊടിഞ്ഞ അകംനിലങ്ങളില്‍,
വ്രണിതകാലത്തിന്റെ
മരത്തണുപ്പുഴുത്,
ഷഡ്പദജാലം,
തലമുറകള്‍ നെയ്യുന്നു.

കൊടുംസുരതങ്ങളാല്‍
ഊഷരഭൂതലങ്ങളെ
കോരിത്തരിപ്പിച്ച
ധവളപ്രഭാതങ്ങളുണ്ടായിരുന്നു.

മേലാളവാഴ്ചയുടെ
കഠിനാഹ്വാനങ്ങളില്‍,
കീഴാളത്തളര്‍ച്ചയുടെ
വിയര്‍പ്പുവിന്യാസങ്ങളില്‍,
യൗവ്വനച്ചൂടിലെ
കാളയോട്ടങ്ങളില്‍,
ഒരുപാട് മാറു പിളര്‍ന്നിരുന്നു.
തമ്പ്രാന്‍ ചാളയിലും,
ഞാനീ പച്ചമണ്ണിലും.

ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ
അമര്‍ന്നുചാകുന്ന,
മണ്ണിന്റെ ശാപം.
സവര്‍ണ്ണരേതസ്സ് പാകി
അടിച്ചേറില്‍ താഴ്ത്തിയ,
പെണ്ണിന്റെ ശാപം.

ഇന്നീ നിഴല്‍നിലങ്ങളില്‍,
ഒരു ദ്വാപരത്വം കാത്ത്,
ഒരു ബലരാമത്വം കാത്ത്,
ശാപമോക്ഷം തേടി,
പൊറുത്തുണങ്ങിയ
ഓര്‍മ്മപ്പുറ്റും ചാരി,
ഒരു കലപ്പ.

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...