വ്യാഴാഴ്‌ച, ജൂലൈ 31, 2014

വളര്‍ച്ച

മുന്നോട്ട് നടക്കവേ,
വളര്‍ന്ന് തുടിച്ച് തിളച്ച്
ചുളിഞ്ഞ് കുനിഞ്ഞ് കിടന്ന്
മരിച്ച്
മണ്ണൊരുക്കം കഴിഞ്ഞു.

ഇനിയെന്നാണ്,
ഒന്നു വേരിറങ്ങി,
പടര്‍ന്നു താഴുക.

ചൊവ്വാഴ്ച, ജൂലൈ 15, 2014

വ്യതിരിക്തം

ഓരോ മുറിപ്പാടിലൂടെയും
ചോര
തുപ്പിയാട്ടുന്നവരാണ് "മനുഷ്യർ"

ഓരോ മുറിപ്പാടിന്റെയും
കീഴിടങ്ങളിൽ തടുത്തു കൂട്ടി
ജീവരക്തം
പാനം ചെയ്യുന്നവളാണ് "ഭൂമി"

ഇതാണ് നന്ദിയും കേടും.

ശനിയാഴ്‌ച, ജൂലൈ 12, 2014

അജ്ഞാതജഡം

കാണാറുണ്ട്
റെയില്പാതയ്ക്കരികിൽ
തൂത്തുകൂട്ടി.
ആസ്പത്രി വരാന്തയിൽ
ചാണകപ്പുഴുവിനെപ്പോലെ
ചുരുണ്ട്.

ഒരു
കാക്കയുടെ സൂക്ഷ്മതയുണ്ട്
ചീർത്ത്
തുറന്നിരിയ്ക്കുന്ന
ഒറ്റക്കണ്ണിന്,
'കാകദൃഷ്ടി'.

കൂട്ടത്തിനും
മരണാവൃതനായാൾക്കും
പരസ്പരം എത്തിനോക്കാനുള്ള 
പൊളിപ്പ്,
ഒറ്റക്കണ്ണിന്റെ തുറന്ന വാതിൽ.

പത്തഞ്ഞൂറുമീറ്റർ നീളമുള്ള
ഉരുക്കുശകടത്തെ തോൽപ്പിച്ചതിന്റെയോ,
ചുളിച്ച് ചുളിച്ച് അപ്പൂപ്പൻ താടിയാക്കാൻ ശ്രമിച്ച
കാലത്തെ 
ശവക്കീഴിലൊതുക്കിയതിന്റെയോ,
ഉന്മത്തമായ അട്ടഹാസങ്ങൾ തിങ്ങി
കവിള്
വീർത്തിരിയ്ക്കുന്നു.

തുറന്ന
തടിച്ച ചുണ്ടുകൾക്കിടയിലൂടെ
നിരവിട്ട പല്ല്,
ചാട്ടുളിയുടെ അലക് പോലെ
വെട്ടിത്തിളങ്ങുന്നു.

അരിപ്പക്കുത്തുകൾ വീണ മുഖത്ത്
ശവപ്പാട്
ചോരച്ച് കിടക്കുന്നു.

ശവങ്ങൾ മാത്രം സംസാരിക്കുന്ന
ജഡത്വത്തിന്റെ ഭാഷ,
ആരോപിക്കപ്പെട്ട
ഒറ്റനക്ഷത്രത്തെ വായിച്ചെടുക്കാൻ
ആകാശത്തിനുമപ്പുറത്തേയ്ക്ക്
വെമ്പിപ്പറക്കുന്നു.

നീളം വച്ചുകൊണ്ടേയിരിയ്ക്കുന്ന
അടുപ്പങ്ങൾ
മോർച്ചറിയിൽ നിന്നും പൊതുശ്മശാനത്തിലേക്കുള്ളത്ര
നേർത്തിരിയ്ക്കുന്നു
എന്ന്
അക്ഷരങ്ങൾ പൊതിഞ്ഞൊരു 
റീത്ത്
വിളിച്ച് കൂകുന്നു.

വ്യാഴാഴ്‌ച, ജൂലൈ 10, 2014

ഇല്ലാത്തവര്‍

മരണപ്പെട്ടവന്റെ ചിത്രങ്ങൾക്ക് 
കൊല്ലപ്പെട്ടവന്റെ ചിത്രങ്ങളോളം 
മിഴിവില്ല...

മരണപ്പെട്ടവന്റെ ചരിത്രങ്ങൾ 

കൊല്ലപ്പെട്ടവന്റെ ചരിത്രങ്ങൾ പോലെ 
തിരയപ്പെടുന്നില്ല...

പൊതുവെ, 

മരണം പതുക്കെയാണെങ്കിലും 
സ്വസ്ഥമാണ്.

പത്രം

ഉടുപ്പില്ലാത്ത വെളുമ്പന്‍ നഗ്നത
അക്ഷരങ്ങള്‍ ചതച്ചൊട്ടിക്കാന്‍ വിട്ടുകൊടുത്ത്
ആത്മഹത്യ ചെയ്ത ശവക്കൂട്ടങ്ങളാണ്,
പത്രവണ്ടികളില്‍ നിന്നും നിത്യം
പാതിരാവില്‍ ചാടിയിറങ്ങുന്നത്.

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...